
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട സിബിഐയുടെ റിവിഷൻ ഹർജി നിലവിൽ പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മയുടെ ബഞ്ചിൽ നിന്ന് കേസ് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചു.
ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കേജ്‌രിവാൾ, മനീഷ് സിസോദിയ, കെ. കവിത എന്നിവരുൾപ്പെടെ 23 പ്രതികളെയും വിചാരണക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. സിബിഐയുടെ അന്വേഷണത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു വിചാരണക്കോടതിയുടെ ഉത്തരവ്. എന്നാൽ, ഈ വിചാരണക്കോടതി ഉത്തരവിനെതിരെ സിബിഐ നൽകിയ റിവിഷൻ ഹർജി പരിഗണിക്കുന്നതിനിടെ, വിചാരണക്കോടതിയുടെ നിരീക്ഷണങ്ങൾ പ്രാഥമികമായി തെറ്റാണെന്ന് ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ അഭിപ്രായപ്പെട്ടിരുന്നു.
ജസ്റ്റിസ് ശർമ്മയുടെ നിരീക്ഷണങ്ങൾ കേസിൽ പക്ഷപാതരഹിതമായ വിധി ലഭിക്കില്ലെന്ന ആശങ്കയുണ്ടാക്കുന്നതാണെന്ന് കേജ്‌രിവാൾ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇതേ കേസിൽ നേരത്തെ ചില പ്രതികൾക്ക് ജാമ്യം നിഷേധിച്ച ജസ്റ്റിസ് ശർമ്മയുടെ നിലപാടുകളെ സുപ്രീം കോടതി പിന്നീട് തിരുത്തിയിരുന്നുവെന്നുംകേസ് മറ്റൊരു ബഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കേജ്‌രിവാൾ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സമീപിച്ചിരുന്നെങ്കിലും, നിലവിലെ റോസ്റ്റർ പ്രകാരമാണ് കേസ് അനുവദിച്ചിരിക്കുന്നതെന്നും മാറ്റേണ്ട കാര്യമില്ലെന്നും കാണിച്ച് രജിസ്ട്രാർ ജനറൽ ഈ ആവശ്യം തള്ളുകയായിരുന്നു.
ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് റിട്ട് ഹർജിയും, ജസ്റ്റിസ് ശർമ്മയുടെ നിരീക്ഷണങ്ങളെ വെല്ലുവിളിച്ചുകൊണ്ട് സ്പെഷ്യൽ ലീവ് പെറ്റീഷനും (SLP) ആണ് കേജ്‌രിവാൾ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.











